അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങള്‍; ഖത്തര്‍ രണ്ടാമത്

ദോഹ: അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് രണ്ടാം സ്ഥാനം

അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങള്‍; ഖത്തര്‍ രണ്ടാമത്

ദോഹ: അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് രണ്ടാം സ്ഥാനം. ട്രാന്‍സ്‌പരന്‍സി ഇന്റര്‍നാഷനലിന്റെ 2022ലെ കറപ്ഷന്‍ പെര്‍സെപ്ഷന്‍സ് ഇന്‍ഡക്‌സില്‍ (സി.പി.ഐ) അറബ് ലോകത്ത് ഖത്തര്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇന്‍ഡക്സിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ (100ല്‍ 58) ആണ് ഇത്തവണ ലഭിച്ചതെങ്കിലും ഖത്തറിന് രണ്ടാം സ്ഥാനം നിലനിര്‍ത്താനായി. 2015ല്‍ ഇന്‍ഡക്‌സില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 71ല്‍ ഖത്തര്‍ എത്തിയിരുന്നു. 2021ല്‍ 63 ആയിരുന്നു ഖത്തറിന്റെ സ്കോര്‍.

സി.പി.ഐ സ്‌കോര്‍ 67 നേടി യു.എ.ഇയാണ് അറബ് ലോകത്ത് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍. 2021ല്‍ 69 ആയിരുന്നു യു.എ.ഇയുടെ സ്കോര്‍. യുദ്ധം ഉലച്ചുകളഞ്ഞ ലിബിയ (സ്കോര്‍ 17), യെമന്‍ (16), സിറിയ (13) എന്നിവയാണ് ഇന്‍ഡക്സില്‍ ഏറ്റവും അഴിമതി നിറഞ്ഞ അറബ് രാജ്യങ്ങള്‍. ഗള്‍ഫ് മേഖലയില്‍ കുവൈത്ത് -42, സൗദി അറേബ്യ -51, ബഹ്‌റൈന്‍, ഒമാന്‍ -44 എന്നിങ്ങനെയാണ് റാങ്കിങ്.

ഒരു രാജ്യത്തിന്റെ പൊതുമേഖലാ അഴിമതിയുടെ തലം പരിശോധിക്കുന്നത് സ്‌കോര്‍ 0-100 സ്കെയിലിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ സ്കോര്‍ നേടുന്ന രാജ്യങ്ങളില്‍ അഴിമതി കുറവായാണ് പരിഗണിക്കുന്നത്.

സൂചികയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോഴുള്ള സ്ഥാനമാണ് ഒരു രാജ്യത്തിന്റെ റാങ്ക്. സൂചികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം മാറുകയാണെങ്കില്‍ റാങ്കുകളും മാറാം. അതിനാല്‍, രാജ്യത്തിന്റെ അഴിമതിയുടെ തോത് സൂചിപ്പിക്കുന്ന സ്കോര്‍ ആണ് റാങ്കിനേക്കാള്‍ പ്രധാനമെന്ന് ട്രാന്‍സ്‌പരന്‍സി ഇന്റര്‍നാഷനല്‍ ചൂണ്ടിക്കാട്ടുന്നു. 'അഴിമതി, സംഘര്‍ഷം, സുരക്ഷ എന്നിവ ആഴത്തില്‍ കെട്ടുപിണഞ്ഞിരിക്കുന്നു.

മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഈ കെട്ടുപാടുകള്‍ കൂടുതല്‍ പ്രകടമാണ്. ആഗോള സമാധാന സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ പ്രദേശമെന്ന നിലയില്‍, അഴിമതിയും അക്രമവും പരസ്പരം ഇന്ധനമാവുന്നുവെന്നതിന് ഇവിടം ഉദാഹരണമായെടുക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നംബിയോ ക്രൈം ഇന്‍ഡക്‌സ് പ്രകാരം ഖത്തറിന് ഈയിടെ ലോകത്തിലെ 'സുരക്ഷിത രാജ്യങ്ങളു'ടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ദോഹ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമായും പട്ടികയില്‍ മികവുകാട്ടി.ട്രാന്‍സ്‌പരന്‍സി ഇന്റര്‍നാഷനലിന്റെ ഈ വര്‍ഷത്തെ മൊത്തം സൂചികയില്‍ 90 പോയന്റുമായി ഡെന്മാര്‍ക്ക് ആണ് അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. 87 പോയന്റ് വീതമുള്ള ഫിന്‍ലന്‍ഡും ന്യൂസിലന്‍ഡും തൊട്ടുപിന്നിലുണ്ട്. നോര്‍വേ (84), സിംഗപ്പൂര്‍ (83), സ്വീഡന്‍ (83), സ്വിറ്റ്സര്‍ലന്‍ഡ് (82), നെതര്‍ലന്‍ഡ്സ് (80), ജര്‍മനി (79), അയര്‍ലന്‍ഡ് (77) എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങള്‍.

40 പോയന്റുമായി ഇന്ത്യ ലിസ്റ്റില്‍ 85-ാം റാങ്കിലാണുള്ളത്. സംഘര്‍ഷ ബാധിത രാജ്യങ്ങളായ സൊമാലിയയും ദക്ഷിണ സുഡാനും സിറിയയുമാണ് യഥാക്രമം 12, 13, 13 പോയന്റുമായി സൂചികയുടെ ഏറ്റവും താഴെയുള്ളത്. വെനിസ്വേല (14), യമന്‍ (16), ലിബിയ (17), ഉത്തര കൊറിയ (17), ഹെയ്തി (17), ഇക്വറ്റോറിയല്‍ ഗിനിയ (17), ബുറുണ്ടി (17) എന്നിവയാണ് അവസാന പത്തിലെ മറ്റു രാജ്യങ്ങള്‍