ഭൂമിയിലെ താരമാകാൻ ആകാശത്തു നിന്നും ഒരു സുന്ദരി
ഏഴു വർഷത്തെ ക്യാബിൻ ക്രൂ ജോലി ഉപേക്ഷിച്ചു ഫാഷൻ മോഡലിംഗിൽ സജീവമാകാൻ അഞ്ജലി
കൈനിറയെ പണവും, ലോകം കറങ്ങാനുള്ള അവസരവും ഒപ്പം ജീവിതം ആഘോഷവും … ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ജോലി ഉപേക്ഷിച്ചു മോഡലിംഗ് രംഗത്തേക്ക് പറന്നിറങ്ങുകയാണ് കോഴിക്കോടുകാരിയായ അഞ്ജലി. ഏറെക്കാലമായി ആഗ്രഹിക്കുന്ന ഫാഷൻ മോഡലിംഗും, ഒപ്പം അല്പം അഭിനയമോഹവുമായാണ് ഖത്തർ എയർവേസിലെ ജോലി ഉപേക്ഷിച്ചു ഈ പെൺകുട്ടി എത്തുന്നത്.
എയർക്രാഫ്ട് എഞ്ചിനീയറിങ് കഴിഞ്ഞു വിവിധ ഏവിയേഷൻ കമ്പനികളിൽ ഏഴു വർഷത്തോളം ജോലി ചെയ്ത അഞ്ജലി, മഴവിൽ മനോരമയിലെ മിടുക്കി പ്രോഗ്രാമിൽ സെമി ഫൈനൽ വരെ പങ്കെടുത്തിട്ടുണ്ട്. ചെറുപ്പം മുതലേ മോഡലിംഗ് ആഗ്രഹം മനസ്സിൽ കൊണ്ട് നടന്നത് കൊണ്ട് കുറച്ചു ഫോട്ടോ ഷൂട്ടുകൾ ചെയ്‌തെങ്കിലും ജോലി തിരക്കുകൾ അത് കൊണ്ട് മുന്നോട്ട് പോയില്ല.
മിടുക്കിയിലെ പ്രകടനം നല്ല മീഡിയ അറ്റെൻഷൻ നൽകിയെങ്കിലും, അന്ന് അത് കാര്യമായി ഉപയോഗപ്പെടുത്താൻ അഞ്ജലി ശ്രമിച്ചില്ല. സിനിമയിലും സീരിയലിലും നിരവധി അവസരങ്ങൾ വന്നെങ്കിലും, ഈ രംഗത്തു കാലെടുത്തുവെക്കാനുള്ള ധൈര്യം ഇല്ലായിരുന്നു എന്നതാണ് യാഥാർഥ്യം.
ഖത്തറിൽ ജോലി ചെയ്യുന്ന സമയത്ത് വീണ്ടും അവസരം കിട്ടിയപ്പോൾ മോഡലിംഗ് ആഗ്രഹം തോന്നി ചില ഫോട്ടോ ഷൂട്ടുകൾ ചെയ്തപ്പോൾ എന്ത് കൊണ്ട് മോഡലിംഗിലും അഭിനയത്തിലും സജീവമായിക്കൂടാ എന്ന ചിന്തയാണ് ആ സ്വപ്ന ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്.
ഇതിനിടയിൽ ഒരു നിമിത്തം പോലെ പ്രശസ്ത ഫോട്ടോഗ്രാഫർ അനുലാലിനെ പരിചയപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെയൊപ്പം ഒരു ഫോട്ടോ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. വിഷുവിന് ഒരു കേരള ട്രഡീഷണൽ ഫോട്ടോ എന്ന പ്ലാൻ പക്ഷെ എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമാകണം എന്ന ഞങ്ങളുടെ തീരുമാന പ്രകാരം ചെയ്ത ഫോട്ടോസ് വളരെ ശദ്ധ നേടി. ഔട്ട് ഡോർ സിംഗിൾ ലൈറ്റിൽ ഒരു ഫോഗ് എഫക്ട് ഫോട്ടോ എന്ന ആശയം വളരെ ശ്രദ്ധയോടെ ചെയ്യാൻ കഴിഞ്ഞതായി ഫോട്ടോ ഗ്രാഫർ അനുലാൽ പറഞ്ഞു