ദമ്ബതികള്‍ വെന്തുമരിക്കുന്നത് കണ്ട് നിസ്സഹായരായി നാട്ടുകാര്‍

ദമ്ബതികള്‍ വെന്തുമരിക്കുന്നത് കണ്ട് നിസ്സഹായരായി നാട്ടുകാര്‍; അപകടം പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ

ദമ്ബതികള്‍ വെന്തുമരിക്കുന്നത് കണ്ട് നിസ്സഹായരായി നാട്ടുകാര്‍

ണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചത് യുവതിയുടെ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുംവഴിയാണ്.

കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. പിന്‍സീറ്റിലിരുന്ന കുട്ടി അടക്കമുള്ള 4 പേരെ രക്ഷപെടുത്തുകയും ചെയ്തിരുന്നു.

വാഹനമോടിച്ച ഭര്‍ത്താവിനൊപ്പം മുന്‍വശത്തായിരുന്നു റീഷയുണ്ടായിരുന്നത്. കാറിന് തീപിടിച്ച്‌ അല്‍പ്പസമയത്തിനുളളില്‍ ഡ്രൈവര്‍ പുറകിലെ ഡോര്‍ തുറന്നതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് തീ ആളിപ്പടര്‍ന്നത്.

കാറില്‍ തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ അതിന് സാധിച്ചില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആര്‍ക്കും അടുക്കാനാകാത്ത വിധത്തിലാണ് തീ ആളിപ്പടര്‍ന്നതെന്നും റീഷയുടെയും പ്രജിത്തിന്റെയും നിലവിളി നിസ്സഹായരായി കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂവെന്നും നാട്ടുകാര്‍ പറഞ്ഞു.

അപകടം നടന്ന സ്ഥലത്തിന് തൊട്ടുസമീപമാണ് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍. നാട്ടുകാരിലൊരാള്‍ ഒരാള്‍ ഫയര്‍ഫോഴ്സ് ഓഫീസിലേക്ക് ഓടിയെത്തിയാണ് അപകട വിവരം അറിയിച്ചത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും തീ ആളിപടര്‍ന്നതിനാല്‍ വാഹനത്തില്‍ നിന്ന് പുറത്തെടുക്കും മുമ്ബ് പ്രജിത്തും റീഷയും മരിച്ചിരുന്നു.

തീ കത്തിയ ഉടന്‍ തന്നെ കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന മകള്‍ ശ്രീപാര്‍വതിയും റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, ഇളയമ്മ സജ്‌ന എന്നിവരും ഉടന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.

ഇന്നു രാവിലെ 10.40നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടമുണ്ടായതിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ധ പരിശോധന വേണമെന്ന് കമ്മീഷണര്‍ പറഞ്ഞു. ഫൊറന്‍സിക്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.