മലയാളികളുടെ പ്രിയ നടന് ഇന്നസെന്റെ അന്തരിച്ചു
വ്യത്യസ്തമായ കഥാപാത്രങ്ങളെ തന്മയത്തോടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച നടനും മുന്‍ ചാലക്കുടി എം പി യുമായിരുന്ന ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. തിങ്കളാഴ്ച കൊച്ചിയിലും ഇരിഞ്ഞാലക്കുടയിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. രാവിലെ 8മുതല്‍ 11 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും , ഉച്ചക്ക് ഒരു മണി മുതല്‍ മൂന്നു മണിവരെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ടൌണ്‍ ഹാളിലും തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലും എത്തിക്കും. സംസ്കാരം വൈകീട്ട് 5 നു ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ട് ആയി 18വര്‍ഷം പ്രവര്‍ത്തിച്ചു. മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലായി 750 തിലേറെ ചിത്രങ്ങളില്‍ സ്വഭാവ നടനായും, ഹാസ്യ നടനായും അഭിനയിച്ചു.
1989 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും (മഴവില്‍ കാവടി), 1981ല്‍ വിടപറയും മുന്‍പേ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിന് മികച്ച ചിത്രത്തിനും, 1982ല്‍ ഓര്‍മ്മക്കായ് എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും, 2009 ല്‍ പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിന് മികച്ച നടനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാര്‍ഡും, ഇന്‍സ്പയര്‍ ഫിലിം അവാര്‍ഡും നേടി.