മാലിന്യങ്ങള്‍ക്ക് ഇനി വിലയുണ്ട്‌ ; വിപ്ലവകരമായ ആശയങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍

ഇന്ത്യയിലെ ആദ്യത്തെ സര്‍ക്യുലര്‍ ഇക്കണോമിക് ക്ലീനപ്പ് കാമ്പയിന് തുടക്കമായി

മാലിന്യങ്ങള്‍ക്ക് ഇനി വിലയുണ്ട്‌ ; വിപ്ലവകരമായ ആശയങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍

നാടും നഗരവും മാലിന്യങ്ങള്‍ കൊണ്ട് നിറയുകയും, മാലിന്യ നിര്‍മ്മാര്‍ജ്ജനം ഒരു തലവേദനയായി ജനങ്ങളെയും, ഭരണാധികാരികളെയും ഒരുപോലെ പൊറുതിമുട്ടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസം കൊച്ചി നിവാസികള്‍ അനുഭവിച്ച ദുരിതങ്ങള്‍ ഇന്ത്യയിലെ ഏതു നഗരത്തിലും, ഗ്രാമത്തിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. 

ഈ ഘട്ടത്തിലാണ് കേരളത്തിലെ 20ല്‍ അധികം സ്റ്റാര്‍ട്ട്‌ അപ്പ് കമ്പനികള്‍ മാലിന്യങ്ങള്‍ പുനരുപയോഗിച്ചു വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന ആശയവുമായി മുന്നോട്ട് വരുന്നത്. ഇത്തരം ഒരു ആശയത്തോട് സഹകരിക്കാന്‍ കൊച്ചിയിലെ സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും തയ്യാറായതോടെ ഇന്ത്യയിലെ പ്രഥമ സര്‍ക്കുലര്‍ ഇക്കോണമി ക്ലീനപ്പ് ക്യാമ്പയിന് ഫോര്‍ട്ട്‌  കൊച്ചിയില്‍ തുടക്കമായി. ഫോര്‍ട്ട്‌ കൊച്ചി കടല്‍ തീരം വൃത്തിയാക്കുകയും, പുനരുല്‍പാദനത്തിനുള്ള വസ്തുക്കള്‍ ശേഖരിക്കുകയും ചെയുന്ന പ്രവര്‍ത്തനത്തിന് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 300ല്‍ അധികം യുവതീ-യുവാക്കളും, വിദേശ പൌരന്മാര്‍ ഉള്‍പ്പെടെ ഫോര്‍ട്ട്‌ കൊച്ചി നിവാസികളും ഡെക്ക്ലട്ടര്‍ കൊച്ചിയുടെ ഭാഗമായി. 

നൂറുശതമാനവും മാലിന്യമെന്ന് നമ്മള്‍ കരുതുന്ന എല്ലാ വസ്തുക്കളും റീ സൈക്കിള്‍ ചെയ്തു ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റാം എന്ന സന്ദേശമാണ് ഡെക്ക്ലട്ടര്‍ കൊച്ചി നല്‍കുന്നത്. തീര്‍ത്തും ഉപയോഗശൂന്യം എന്ന് നമ്മള്‍ കരുതുന്ന സിഗരറ്റ് കുറ്റികളും തെര്‍മോകോളുകളും വരെ റീ സൈക്കിള്‍ ചെയ്യമെന്നതിന്‍റെ പ്രചാരണമാണ് ഇവിടെ ആരംഭിച്ചത്.

ശേഖരിച്ച മാലിന്യങ്ങള്‍ സ്റ്റാര്‍ട്ട്‌ അപ്പുകളിലേക്ക് എത്തിച്ചു നല്‍കാന്‍ പോര്‍ട്ടര്‍ എന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനി സന്നദ്ധമായി. മാലിന്യം നീക്കം ചെയ്ത സ്ഥലങ്ങളില്‍ വീണ്ടും മാലിന്യം നിറയുന്നത് തടയാന്‍ അത്തരം സ്ഥലങ്ങളില്‍ വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് ഡെക്കത്തലന്‍ കമ്പനിയും അറിയിച്ചിട്ടുണ്ട്. 

ഓരോ ഉറവിടങ്ങളിലെയും മാലിന്യങ്ങളെ പുനരുപോയോഗിച്ച് ഉല്‍പ്പനങ്ങളാക്കി മാറ്റുന്ന കമ്പനികള്‍ കൂടുതല്‍ വരുന്നതോടെ മാലിന്യം ഒരു വരുമാനമാകുന്ന കാലം അതിവിദൂരമല്ല