വിവാഹിതരാകൂ ആയുസ്സ് വര്‍ദ്ധിപ്പിക്കൂ
ആധുനിക തലമുറയില്‍ വിവാഹത്തോടുള്ള താല്പര്യം കുറയുന്നു എന്ന ആശങ്ക നിലനില്‍ക്കെ വിവാഹിതരായ സ്ത്രീകള്‍ക്ക് ആയുസ്സ് കൂടുന്നു എന്ന പഠനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗ്ലോബല്‍ എപ്പിഡമോളജിയില്‍ അമേരിക്കയില്‍ നടന്ന പഠനത്തില്‍ വിവാഹിതരായ സ്ത്രീകളുടെ ആയുസ്സ് കൂടുതലാണെന്ന് കണ്ടെത്തി. വിവാഹിതരും,അവിവാഹിതരും, വിവാഹമോചിതരും ആയ വ്യക്തികളെ വ്യത്യസ്ത വിഭാഗത്തില്‍പെടുത്തി ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരായ രണ്ടുപേര്‍ ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് പ്രകാരം വിവാഹ ജീവിതം വ്യക്തിയുടെ ശാരീരികവും, മാനസികവുമായ ആരോഗ്യം വര്‍ധിപ്പിക്കുമെന്നും, ആയുര്‍ദൈര്‍ഘ്യം കൂടുമെന്നും പറയുന്നു.
അമേരിക്കയിലെ 11830 നേഴ്സുമാരെയാണ് ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയത് .1990 കളുടെ തുടക്കത്തില്‍ ആരംഭിച്ച പഠനത്തില്‍ പങ്കെടുത്തത് അവിവാഹിതരായ സ്ത്രീകള്‍ ആയിരുന്നു. ഒപ്പം 1989 മുതലുള്ള വിവാഹിതരായ സ്ത്രീകളെയും ചേര്‍ത്ത് 25 വര്‍ഷം നടത്തിയ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നത്.
വിവാഹിതരായ സ്ത്രീകള്‍ക്ക് അവിവാഹിതരായ സ്ത്രീകളെക്കാള്‍ 35% ആയുസ്സ് കൂടുതല്‍ ആണെന്ന് പഠനം പറയുന്നു. ഹൃദ്രോഗം,ഏകാന്തത, വിഷാദം, എന്നിവ വിവാഹിതരായ സ്ത്രീകളില്‍ കുറവാണെന്നും,അവര്‍ ശുഭാപ്തി വിശ്വാസം ഉള്ളവരാണെന്നും പഠനത്തില്‍ കണ്ടെത്തി. വിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് വിവാഹമോചിതര്‍ ആയ സ്ത്രീകള്‍ക്ക് 19% ആയുസ്സ് കുറവാണെന്നും വിവാഹ മോചനത്തിന് ശേഷം മോശം ആരോഗ്യവും, വിഷാദ രോഗവും ഇത്തരക്കാരില്‍ കണ്ടുവരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.