തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തോടെ കേരളത്തില്‍ പെട്രോള്‍-ഡീസല്‍ വില രണ്ട് രൂപ കൂടും. സെസ് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനക്ക് കളമൊരുങ്ങിയത്.
മാസങ്ങളായി രാജ്യത്ത് എണ്ണവിലയില്‍ കമ്ബനികള്‍ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ സെസ് ഉയര്‍ത്തി വില വര്‍ധനവിന് കളമൊരുക്കിയിരിക്കുന്നത്.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ച് ഇന്ധനവില കുറച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നികുതി കുറക്കുന്നതിന് ആനുപാതികമായി സംസ്ഥാനവും നികുതി കുറക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍, കേരളം അന്നും കാര്യമായി നികുതി കുറച്ചിരുന്നില്ല. നിരന്തരമായി നികുതി ഉയര്‍ത്തിയതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതിയില്‍ നേരിയ കുറവ് വരുത്തിയത്.
പെട്രോള്‍-ഡീസല്‍ സെസ് വര്‍ധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാഹനങ്ങള്‍ക്കുള്ള ഒറ്റത്തവണ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്.